Trending

വൈദ്യുത ട്രാക്കിലേക്ക് ഓടിക്കയറി കേരളം; വൈദ്യുത വാഹനങ്ങളിൽ 129 ശതമാനം വർധന





പെട്രോൾ, ഡീസൽ ഇന്ധന ഉപഭോഗത്തിന്റെ ഭാവിയും വിലയും അല്പം ദീർഘ വീക്ഷണത്തോടെ നോക്കിക്കണ്ട് വൈദ്യുത, സി.എൻ.ജി. വാഹനങ്ങളുടെ ട്രാക്കിലേക്ക് വളരെ വേഗത്തിൽ ഓടിക്കയറി കേരളം. 2021-നെ അപേക്ഷിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണം 2022-ൽ ഇതുവരെ 129 ശതമാനം വർധിച്ചു. സി.എൻ.ജി. വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധന 100 ശതമാനമാണ്

ഈ വർഷം കേരളത്തിൽ വൈദ്യുത വാഹന വിപണി ടോപ് ഗിയറിലാകുമെന്ന സൂചന നൽകി ജനുവരി ആദ്യവാരം തന്നെ റിപ്പോർട്ട് വന്നിരുന്നു. ഏഴു മാസവും ഏതാനും ദിവസങ്ങളും കൊണ്ട് 19,894 വൈദ്യുത വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021-ൽ ആകെ 8,701 വൈദ്യുത വാഹനങ്ങളും 2020-ൽ 1,325 വൈദ്യുത വാഹനങ്ങളും രജിസ്റ്റർ ചെയ്ത സ്ഥാനത്താണിത്. ഈ വർഷം ഏപ്രിലിലാണ് ഏറ്റവും കൂടുതൽ വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്; 3,373 എണ്ണം. ഓഗസ്റ്റിൽ ഇതുവരെ 863 വൈദ്യുത വാഹനങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു

സി.എൻ.ജി. വാഹനങ്ങളുടെ സ്വീകാര്യതയിലും സംസ്ഥാനത്ത് സമാനമായ വളർച്ച പ്രകടമായിട്ടുണ്ട്. 2020-ൽ ആകെ 91 വാഹനങ്ങളും 2021-ൽ 2,805 വാഹനങ്ങളുമാണ് സി.എൻ.ജി. വിഭാഗത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഈ വർഷം എട്ടു മാസത്തിനുള്ളിൽ 4,816 സി.എൻ.ജി. വാഹനങ്ങൾ രജിസ്റ്റർ ചെയ്തു

ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കൂടുതലാണെങ്കിലും പിന്നീട് മറ്റ് ചെലവുകൾ വരുന്നില്ലെന്നതാണ് പ്രധാന ആകർഷണം. മാത്രമല്ല, ചാർജിങ് സ്റ്റേഷനുകളുടെ സൗകര്യം വർധിക്കുന്നതിന് അനുസരിച്ച് വൈദ്യുത വാഹനങ്ങൾ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസവും വർധിക്കുന്നുണ്ട്

ഈ സാധ്യത മുന്നിൽ കണ്ടെന്നോണം മുൻനിര വാഹന നിർമാതാക്കളെല്ലാം തന്നെ തങ്ങളുടെ വൈദ്യുത വാഹന നിര ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്

അതേ സമയം, ബാറ്ററി തീ പിടിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾ വ്യാപകമായതോടെ പരമാവധി സുരക്ഷ ഉറപ്പാക്കി മാത്രം ഇ.വി. വാഹനങ്ങൾ നിരത്തിലിറക്കിയാൽ മതിയെന്നാണ് സർക്കാരിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് കാലതാമസം നേരിടുന്നത് വാഹനങ്ങളുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്

Post a Comment

Previous Post Next Post