Trending

സ്വാതന്ത്ര്യത്തെ 75 വർഷങ്ങൾ രാജ്യം അഭിമാനനിറവിൽ







🎊🇮🇳🎊

എന്റെ മുക്കം ന്യൂസ്‌ ഡസ്ക് ആഘോഷപ്പൊലിവിൽ ജനാധിപത്യത്തിൻ്റെ 75 വർഷങ്ങൾ പിന്നിട്ട് രാജ്യം സ്വാതന്ത്ര്യപ്പുലരിയുടെ നവ്യാനുഭൂതിയിലേക്ക്.ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ഒരുവർഷം നീണ്ടുനിന്ന വൈവിധ്യ പൂർണമായ ചടങ്ങുകൾ പാരമ്യതയിലെത്തുന്നു. ഹർഘർ തിരംഗ എന്ന പേരിൽ നടപ്പിലാക്കിയ പ്രത്യേക പദ്ധതിയോടെ ദേശീയ പതാകയോടുള്ള ആദരവ് വീടുകളിലേക്കും നമുക്ക് ചുറ്റിലേക്കും വളരെ നേരത്തേ എത്തിയ്ക്കാൻ സാധിച്ചു എന്നതാണ് ഇക്കൊല്ലത്തെ പ്രധാന സവിശേഷത. രാജ്യസ്നേഹത്തിൻ്റെ മാനസികൈക്യം ഊട്ടിയുറപ്പിക്കാൻ പാകത്തിൽ ഇക്കുറി ദേശീയ പതാക നേരത്തേ ഉയർത്താൻ സാധിച്ചതും ഇതിന് സവിശേഷ ഇളവുകൾ നൽകിയതും ശ്രദ്ധേയമായി.മൂവർണ ക്കൊടി വാനിലുയർത്തി രാജ്യം സ്വാതന്ത്ര്യത്തിൻ്റെ മഹാവിളംബരം ഒരിക്കൽ കൂടി ലോകത്തിനു മുന്നിൽസമർപ്പിക്കും.വൈദേശികാധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള നാൾവഴികളിൽ ചരിത്രബോധത്തിനൊപ്പം, രാജ്യാഭിമാനവും കൂടി ഉൾച്ചേർത്താണ് നാം ഈ ദിനം ആഘോഷിച്ചു പോരാറുള്ളത്. സ്വാതന്ത്ര്യത്തിനു വേണ്ടി വിയർപ്പൊഴുക്കിയ എല്ലാവരെയും ഓർത്തെടുത്ത്, നെഞ്ചിനുള്ളിലെ അഭിമാനബോധത്തിൻ്റെ ഊഷ്മളതയിൽ ചേർത്ത് വെച്ച് നൽകാം നമുക്ക് ബിഗ് സല്യൂട്ട്

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും, രാജ്യത്ത് വിവിധ കാരണങ്ങളാൽ അസ്വതന്ത്രരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു എന്നത് ഇന്നും നമുക്ക് കളങ്കം തന്നെ! ജാതിയും മതവും രാഷ്ട്രീയവും തുടങ്ങി എത്രയോ നിയന്ത്രണങ്ങളിൽ മനപൂർവ്വമോ അല്ലാതെയോ എത്തിപ്പെടുന്ന പുതിയ കാലത്തിൻ്റെ മുഖം നമ്മുടെ ജനാധിപത്യത്തിന് ഭീഷണി തന്നെയാണ്. "സ്വാതന്ത്ര്യം തന്നെയമൃതം സ്വതന്ത്ര്യം തന്നെ ജീവിതം" എന്ന വിശാലമായൊരിടത്തേക്ക് ഇതേ വരെ ഇന്ത്യക്ക് എത്തിപ്പെടാനായില്ല എന്നതാണ് യാഥാർത്ഥ്യം.എങ്കിലും രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യപ്പുലരിയുടെ ആഘോഷങ്ങളിൽ മുഴുകുമ്പോൾ നമുക്കും അഭിമാനിക്കാം. മാറ്റത്തിൻ്റെ പുത്തൻ സ്വാതന്ത്ര്യപ്പുലരി ഉദയം ചെയ്യാതിരിക്കില്ല!

എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ


Post a Comment

Previous Post Next Post