Trending

എളമരം കടവ് പാലം ജംഗ്‌ഷനിൽ അപകടം തുടർകഥ



ആസൂത്രണ തകരാറും അശാസ്ത്രീയ നിർമ്മാണവും അപകട കാരണം.


മാവൂർ: പൊതുമരാമത്ത് അധികൃതരുടെ ആസൂത്രണ തകരാറും അശാസ്ത്രീയ നിർമ്മാണവുമാണ് എളമരം കടവ് പാലം ജംഗ്ഷനിൽ അപകടം വർദ്ധിക്കാൻ കാരണമെന്ന് പരാതി. 

35 കോടി മുടക്കി നിർമ്മിച്ച് കഴിഞ്ഞ മെയ് 23 ന് നാടിന് തുറന്ന് കൊടുത്ത പാലത്തിന്റെ അപ്രോച്ച് റോഡിലാണ് അപകടങ്ങൾ  തുടർകഥയായത്. 
മാവൂർ ഭാഗത്ത് പാലം ,അപ്രോച് റോഡുമായി ചേരുന്ന ഭാഗത്താണ് റോഡിന്റെ അശാസ്ത്രീയ നിർമ്മാണം നിഴലിച്ചു കാണുന്നത്. മാവൂർ ഭാഗത്ത് നിന്നു തുടങ്ങുന്ന റോഡിന് നല്ല വീതിയുണ്ട്. പാലം ജംഗ്ഷനിലെത്തുമ്പോൾ റോഡ് കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയ വളവായി മാറുന്നു. ഒരേ ദിശയിൽ രണ്ട് നിര വാഹനങ്ങൾക്ക് ഒന്നിച്ചു പോകാൻ വീതിയില്ല. അതിനാൽ പാലം ജംഗ്ഷനിലെത്തുമ്പോൾ ആശയക്കുഴപ്പവും ഗതാഗതക്കുരുക്കും സൃഷ്ടിക്കപ്പെടുന്നു.
കൂളിമാട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കാൻ അല്പം കഷ്ടപ്പെടണം. 
ഈ സമയത്ത് കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും പാലം കടന്ന് വരുന്ന വാഹനങ്ങളും നിർത്തി എതിരേ വരുന്ന വാഹനം തിരിഞ്ഞ് പാലത്തിലേക്ക് പ്രവേശിക്കുന്നത് വരെ കാത്തിരിക്കണം.
പാലം ജംഗ്ഷനിലെ അപ്രോച് റോഡിന്റെ അനാവശ്യ വളവ് നിവർത്തി അല്പം വീതി കൂട്ടിയിരുന്നെങ്കിൽ  ഈ അവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു.

മരാമത്ത് അധികൃതരുടെ തികഞ്ഞ അലംഭാവവും ഭാവനയില്ലാത്ത നിർമ്മാണവുമാണ് ഇതിന് കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം.

പാലം തുറന്ന അന്ന് മുതൽ തന്നെ അപകടങ്ങളും ആരംഭിച്ചിട്ടുണ്ട്. തുടർന്ന് പരീക്ഷണാർത്ഥം മണൽ ചാക്ക് കൊണ്ട് ഡിവൈഡറുകൾ സ്ഥാപ്പിച്ചു. പിന്നീട് കോൺക്രീറ്റ് കൊണ്ട് പെർമനന്റ് ഡിവൈഡറുകളും സർക്കിളും നിർമ്മിച്ചു.എന്നിട്ടും അപകട ങ്ങൾക്ക് ശമനമുണ്ടായിട്ടില്ല.

കുപ്പിക്കഴുത്ത് വളവ് നിവർത്തി വീതി കൂട്ടുകയും പാലം, കൂളിമാട് ഭാഗത്തേക്ക് തിരിയുന്ന അപ്രോച് റോഡിനോട് ചേരുന്ന ഭാഗത്തെ ത്രികോണ ഷേപ്പ് മാറ്റി ഓവൽ ആകൃതിയിലേക്ക് മാറ്റുകയും ചെയ്താൽ അപകടങ്ങൾ കുറക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധ പക്ഷം. അതിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.

Post a Comment

Previous Post Next Post