തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹം സെപ്തംബർ നാലിന്. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇരുവരുടെയും വിവാഹത്തിന് ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്. ക്ഷണക്കത്തിൽ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ക്ഷണിതാവായിരിക്കുന്നത്. ആർഭാടമില്ലാതെ വിവാഹം നടത്താന് തീരുമാനം.
തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ സെപ്തംബര്‍ നാലിന് രാവിലെ 11നാണ് ചടങ്ങ്. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട് വച്ച് വിവാഹ സത്കാരം നടക്കും. സത്കാരത്തിൽ സിനിമ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നാണ് സൂചന. രക്ഷകര്‍ത്താക്കളുടെ പേരും വീടിന്റെ മേല്‍വിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാഹിത്തം ആണ് ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും ബാലസംഘം- എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവ് മുതലുള്ള പരിചയം പതുക്കെ പ്രണയമാവുകയായിരുന്നു. മാര്‍ച്ചിലായിരുന്നു സിപിഎമ്മിന്റെ യുവ നേതാക്കളായ ഇരുവരുടെയും വിവാഹ നിശ്ചയം. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പ്രത്യേകതയും ആര്യയ്ക്കുണ്ട്.