Trending

ആരും അറിയാതെ എങ്ങനെയോ സംരക്ഷിച്ചു പോരുന്ന സ്വാതന്ത്ര്യ സമര സ്മാരകം







✒️.അബ്ദുൾ സലിം ഈ.കെ


വർഷങ്ങൾക്ക് മുമ്പ് അഗസ്ത്യൻ മുഴിയിൽ പാത്രക്കച്ചവടത്തിന് വന്നിരുന്ന ഒരു വളാഞ്ചേരിക്കാരനെ അവിചാരിതമായി വളാഞ്ചേരിയിൽ വച്ച് കണ്ടുമുട്ടി. സുഖാന്വേഷണങ്ങൾക്കൊടുവിൽ, സ്വാഭാവികമായും ചർച്ച പോയത് അഗസ്ത്യൻമുഴി അങ്ങാടിയുടെ ഇപ്പോഴത്തെ മാറ്റത്തെക്കുറിച്ചാണ്.അതിനെക്കുറിച്ച് അദ്ദേഹം എന്നോട് ഏറ്റവും ആദ്യം പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു_.
*_" അച്യുന്നായരുടെ പീട്യേം ആ ആലും ഉള്ള കാലത്തോളം വാസ്കോഡഗാമ ഇപ്പോ വന്നാലും വഴി തെറ്റില്ല"_*.
_കുറച്ച് മുമ്പെന്നോ അത് വഴി വയനാട്ടിലേക്ക് പോയപ്പോൾ മൂപ്പർ ബസ്സിലിരുന്ന് കണ്ട കാഴ്ച ഓർത്താണ് അങ്ങനെ പറഞ്ഞതത്രേ !_

_പെട്ടെന്ന് ഓർമ്മകൾ ഒരു പാട് പിറകിലേക്ക് പോയി. മധ്യവേനൽ അവധിക്കാലത്ത് കൂട്ടു കാരോടൊത്ത് മദ്രസ വിട്ട് ഓടിച്ചെന്ന് കഴിക്കുന്ന അച്യുതൻനായർ സൗജന്യമായി വിതരണം ചെയ്യുന്ന സംഭാരത്തിൽ അദ്ദേഹം ഇടുന്ന നാരകത്തിന്റെ ഇലയുടെ രുചി നാക്കിൻ തുമ്പിലെത്തി_.

_1977ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന ആ കെട്ടിടത്തിന്റെ മുകൾ നിലയിൽ അഖിലേന്ത്യാ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.പി രാമന്റെ തെരഞ്ഞെടുപ്പു ചിഹ്നമായിരുന്ന തോണി കെട്ടിത്തൂക്കിയിട്ടതും അച്യുതൻ നായരുടെയും കല്ലൂർ വാസുവിന്റേയും പലചരക്ക് കടകളുടെ മുന്നിലെ ഉപ്പു പെട്ടിക്കുചുറ്റിലുമുള്ള ആൾക്കൂട്ടത്തിലുമൊക്കെ എന്റെ ഓർമ്മകൾ ഒരു ഓട്ട പ്രദക്ഷിണം നടത്തി_.

_പക്ഷേ ആ സമയം എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് ആഗസ്ത്യൻമുഴി ക്കാരുടെ ആ "കിണ്ണക്കാരൻ " തന്റെ ഫോട്ടോഗ്രാഫിക് മെമ്മറിയിൽ നിന്ന് അക്കാലത്തെ അഗസ്ത്യൻമുഴിയുടെ ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രം എന്റെ മുന്നിൽ വരച്ചിടുകയായിരുന്നു_.

_ഇളയിടത്തു മുഹമ്മദ്, താലശ്ശേരി താഴത്ത് ശ്രീധരൻ, ഒഴലൂർ ദിവാകരൻ, ഉൽപുറത്ത് കുഞ്ഞുമുഹമ്മദ്, കെ. വികൃഷ്ണൻ നായർ തുടങ്ങിയവരുടെ പലചരക്ക് കടകൾ, പരതയിൽ മാധവൻ, ഉൽപ്പുറത്ത് സൈതലവി എന്നിവരുടെ സ്റ്റേഷനറി കടകൾ, ഇമ്പിച്യാക്ക, തിരുവമ്പാടിക്കാരൻ സൈതലവി, കേളു കുട്ടി,കണ്ണനാരി കുഞ്ഞി മൊയ്തീൻ,ഈ.കെ.സെെതലവി ഹാജിഎന്നിവരുടെ ഹോട്ടലുകൾ, ചെമ്പോട്ടിയിൽ കാരുടെ സന്ധ്യാ ഫോട്ടോസ്, കൊടിയങ്ങൽ സുന്ദരന്റെ ഫ്രന്റ്സ് സൗണ്ട്സ് , പെരുമ്പടപ്പിൽ കാരുടെയും കൊട്ടക്കുളങ്ങര ചേക്കുവിന്റേയും സ്ഥലത്തുള്ള അടയ്ക്കാപുരകൾ .ചിന്നന്റെ ബാർബർ ഷോപ്പ്, താലശ്ശേരി താഴത്ത് ശ്രീധരന്റെ പണിശാല, തക്കാളി മുഹമ്മദിന്റെ മുറുക്കാൻ കട മാധവക്കുറുപ്പിന്റെ വൈദ്യശാല തുടങ്ങി അച്യുതൻ നായരുടെ ഉപ്പുപെട്ടിയിലിരുന്നാൽ കാണുന്ന അഗസ്ത്യൻമുഴി ക്കാഴ്ചകൾ പലതും അദ്ദേഹം ഒരു സിനിമയുടെ ഫ്ലാഷ് ബാക്ക് പോലെ ഓർത്തെടുത്തു_.

_ഒരു ബസ്സ് കാത്തിരിപ്പിനിടയിലുള്ള പത്തിരുപത് മിനിട്ടു നീണ്ടുനിന്ന സംസാരത്തിനിടയിൽ അഗസ്ത്യൻ മുഴി അങ്ങാടിയിൽ കാണാറുള്ള പലരെക്കുറിച്ചും അയാളെന്നോട് തിരക്കി,അവരുടെ കുടുംബ വിവരങ്ങളന്വേഷിച്ചു.പലരോടും അന്വേഷണം പറയാൻ എന്നെ ഏൽപ്പിച്ചു_.

_യാത്ര പറഞ്ഞ് കോഴിക്കോട് ബസ്സിൽ കയറിയപ്പോഴും മനസ്സിൽ അദ്ദേഹം പറഞ്ഞ ആ വാചകത്തിലെ"അച്യുന്നായരുടെ പീടിക "യായിരുന്നു.പലകൈകൾ മാറി മറിഞ്ഞിട്ടും പല തവണ റോഡ് വികസനത്തിനായി പൊളിച്ചു മാറ്റാൻ നമ്പറിട്ട് പോയിട്ടും അഗസ്ത്യൻമുഴിയുടെ പഴമയെ ഓർത്തെടുക്കാനുള്ള ഒരു അടയാളവാക്യം പോലെ അച്യുതൻനായരു ബന്ധുവായ ബാബുവിന്റെ മസാലക്കട സ്ഥിതി ചെയ്യുന്ന ആ കെട്ടിടം മാത്രം ഇപ്പോഴും അങ്ങനെ അവശേഷിക്കുന്നത് എന്താവും ?_
_നമ്മളൊക്കെ മറന്നു പോയ ഒരു ചരിത്ര സ്മാരകമല്ലേ ആ കെട്ടിടം !_

_1938 ൽ എ.കെ.ജിയും എൻ.സി. ശേഖറും മഞ്ചുനാഥറാവും പങ്കെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് യോഗം നടന്ന വേദിയായിരുന്നു ആ ഇരു നിലക്കട്ടിടത്തിന്റെ മുകൾ നില. ആരുമറിയാതെ എങ്ങനെയോ സംരക്ഷിച്ച് പോരുന്ന അഗസ്ത്യൻ മുഴിയിലെ ഒരു സ്വാതന്ത്ര്യ സമര സ്മാരകം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികമാഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ കൺമുന്നിലുള്ള ഈ സ്വാതന്ത്ര്യ സമര സ്മാരകത്തെ സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആഗസ്ത്യൻ മുഴിയുടെ ഈ ഏട് കൂടി കൂട്ടിച്ചേർക്കാം_.

Post a Comment

Previous Post Next Post