Trending

ലഹരി മാഫിയക്കെതിരെ താമരശ്ശേരിയിൽ പഞ്ചായത്ത് തല സ്കൂൾ ജാഗ്രത സമിതി





താമരശ്ശേരി : താമരശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയാ സംഘത്തിന്റെ പ്രവർത്തനം സജീവം. ബസ്റ്റാന്റുകൾ കേന്ദ്രീകരിച്ചും സ്കൂൾ - കോളേജുകൾ കേന്ദ്രീകരിച്ചുമാണ് സംഘം ലഹരി വസ്തുക്കളുടെ വിപണം നടത്തപ്പെടുന്നത്. കലാലയങ്ങളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ഇവയുടെ കച്ചവടം നടക്കുന്നതെന്നതാണ് ഗൗരവതരമായ വിഷയം.
പുറമേ നിന്നുള്ള വലിയ മാഫിയാ സംഘങ്ങൾ നഗര-ഗ്രാമ പ്രദേശങ്ങളിലേക്ക് തങ്ങളുടെ ശ്രിംഖല വ്യാപിപ്പിച്ചതിന് ശേഷം യുവാക്കളെയും വിദ്യാർത്ഥികളേയും വലിയ സാമ്പത്തിക ലാഭം നൽകി പ്രവർത്തന രംഗം കൊഴുപ്പിക്കുകയാണ്. കലാലയങ്ങളിൽ
പെൺകുട്ടികളടക്കം ലഹരി സംഘത്തിന്റെ വലയിലാണെന്ന ഞെട്ടിപ്പിക്കുന്ന യഥാർത്ഥ്യമാണ് വിവിധയിടങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് ലഭ്യമാവുന്നത്.
സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കി താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ സ്കൂൾ ജാഗ്രതാ സമിതി ചേർന്നു. യോഗം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി അയ്യൂബ് ഖാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ, പോലീസ്, എക്സൈസ് ഓഫീസർമാർ, സ്കൂൾ പി.ടി.എ. പ്രസിഡണ്ടുമാർ, പ്രധാന അധ്യാപകർ, എന്നിവർ സംബന്ധിച്ചു.
ഓരോ സ്കൂളിലും ജാഗ്രതാ സമിതികൾക്ക് രൂപം നൽകും. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യും. ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പഞ്ചായത്ത് തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.

Post a Comment

Previous Post Next Post