Trending

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി





തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സി.ഡി.എസും നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.ഇന്നലെ രാവിലെ ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് മനോഹരമായ പൂക്കളം ഒരുക്കിയാണ് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്.രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച കുടുംബശ്രീ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും അണിനിരന്ന വർണ്ണശബളമായ ഘോഷയാത്ര നടന്നു.പുലിക്കളിയും വാദ്യമേളങ്ങളും , സൗഹൃദ വേഷങ്ങളും ഘോഷയാത്രയ്ക്ക് നിറം പകർന്നു .


തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ,സിഡിഎസ് ഭരണസമിതി അംഗങ്ങൾ,
ഹരിത കർമ്മ സേന പ്രവർത്തകരും പങ്കെടുത്ത സൗഹ്യദ വിരുന്നിൽ
വിഭവസമൃദ്ധമായ സദ്യയും ഒരുക്കി.ഉച്ചക്കുശേഷം നടന്ന വിവിധ ഓണക്കളികൾ സൗഹാർദത്തിന്റെ വേദിയായി മാറി.ഗ്രാമ പഞ്ചായത്ത് താഴെ നിലയിൽ ഒളിപ്പിച്ച നിധി കണ്ടെത്തുന്ന രസകരമായ മത്സരവും നടന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ഒരുക്കിയ പൂക്കള മത്സരം മനോഹരവും നിലവാരം പുലർത്തിയതുമായി .13 വാർഡുകളിൽ നിന്ന് പൂക്കളങ്ങൾ ഒരുക്കിയിരുന്നു.തിരുവമ്പാടി പാരിഷ് ഹാളിന്റെ മുറ്റത്താണ് പൂക്കളങ്ങൾ ഒരുക്കിയത്.

ഓണ ചന്ത 3 ,5, 6 തീയതികളിൽ ബസ്റ്റാൻഡ് പരിസരത്ത് നടക്കും.ഇതിന്റെ ഭാഗമായി പായസ മേളയും മത്സരവും നടക്കും.വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ക്യാഷ് അവാർഡും നൽകും .

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി ചന്ത 4, 5, 6 തിയ്യതികളിലായി നടക്കും.

പരിപാടിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, സെക്രട്ടറി ബിബിൻ ജോസഫ് ,സി.ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്, മുഹമ്മദലി കെ എം മറ്റു ജനപ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, സി .ഡി എസ് മെമ്പർമാർ ,
ഹരിത കർമ്മസേനാ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post