Trending

കഠിനം ഈ ചുരം യാത്ര, ഏതാണ്ടല്ലാ ദിവസവും പല കാരണങ്ങളാൽ ഗതാഗതംതടസ്സം,പരിഹാരമെന്ത്?*






കൽപറ്റ ∙ അത്യാവശ്യ കാര്യങ്ങൾക്കായി താമരശ്ശേരി ചുരം വഴിയുള്ള യാത്ര അത്യധികം ദുഷ്കരമായി മാറുന്നു. ആഴ്ചകളായി ഏതാണ്ടെല്ലാ ദിവസവും ചുരത്തിൽ പല കാരണങ്ങളാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഓണാവധി നാളിലും ഓണം കഴിഞ്ഞുള്ള ദിവസങ്ങളിലും ഇതു കൂടുതലായി. ശനിയാഴ്ച മുതൽ ഈങ്ങാപ്പുഴ മുതൽ വൈത്തിരി വരെ എത്താൻ വലിയ പ്രയാസമായിരുന്നു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്ര ചുരത്തിലും സമീപവുമായി മണിക്കൂറുകളോളം നീണ്ടു.വൈകിട്ട് അമ്പായത്തോട് മുതൽ ലക്കിടി കഴിയുന്നത് വരെ വാഹനങ്ങളുടെ നിരയായിരുന്നു.

പകൽ സമയങ്ങളിൽ അൽപം കുറവുണ്ടെങ്കിലും സന്ധ്യ കഴിയുന്നതോടെ ഗതാഗത തടസ്സം പതിവാണ്. വലിയ ചരക്കു വാഹനങ്ങൾ വളവുകളിൽ ആക്സിലൊടിഞ്ഞും ലീഫ് പൗച്ച് ഒടിഞ്ഞുമാണ് വലിയ ഗതാഗതക്കുരുക്കുകൾ ഉണ്ടാകുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ ഇടപെടലാണ് അൽപമെങ്കിലും യാത്രക്കാർക്ക് ആശ്വാസമാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുമ്പോൾ ചില വാഹനങ്ങൾ വരി അവഗണിച്ച് മറുഭാഗത്ത് കൂടി കടന്നുവരുന്നതും എതിർ ദിശയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് തടസ്സമാവുകയാണ്.


ഇത് മറ്റു യാത്രക്കാരുമായി വാക്കുതർക്കങ്ങളായും ഒട്ടേറെ സമയം കുരുക്കാവുന്നു. ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്കു പ്രധാനമായും കാരണമാവുന്നത് വലിയ ഭാരം കയറ്റിവരുന്ന വാഹനങ്ങളാണ്. 50-60 ടൺ സാധനങ്ങളുമായി ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് 14,16 ചക്രവാഹനങ്ങളാണ്. അമിത ഭാരവുമായി ഇഴഞ്ഞു നീങ്ങുന്ന ഇത്തരം വാഹനങ്ങളെ മറികടക്കാൻ സാധിക്കാതെ മറ്റു വാഹനങ്ങൾ നിരനിരയായി പിന്നിലാവുകയാണ്. ചുരത്തിലെ വളവുകളും തിരിവുകളും മറികടക്കാനുള്ള സാഹചര്യങ്ങൾ നന്നെ കുറവാണ്.

6 മുതൽ 9 വരെയുള്ള വളവുകളിൽ ഒന്നുരണ്ടു തവണ പിന്നിലേക്ക് വന്നാണ് പരിമിതമായ സ്ഥല സൗകര്യത്തിൽ ഒടിഞ്ഞു കയറുന്നത്. ഇതിനിടെയാണ് അമിത ഭാരവുമായി ആക്സിലൊടിഞ്ഞും മറ്റും ഗതാഗതം പൂർണമായും തടസ്സപ്പെടുന്നത്. ഞായറാഴ്ച രാത്രി വരെ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് കാര്യമായ തടസ്സങ്ങളിലാതെ ചുരത്തിലൂടെ ഗതാഗതം സാധ്യമായത്.

പരിഹാരം എന്ത്

ചുരം റോഡിലൂടെയുള്ള ചരക്കു വാഹനങ്ങൾക്ക് 25 ടണ്ണിൽ കൂടുതൽ യാത്രാ അനുമതിയില്ലെങ്കിലും ഇപ്പോൾ നിയമം കർശനമായി പാലിക്കപ്പെടുന്നില്ല. അന്യ സംസ്ഥാന ചരക്കു വാഹനങ്ങൾ സേലം വഴിയാണ് കടന്നുപോകേണ്ടതെങ്കിലും ദൂര ലാഭത്തിനും ഡീസൽ ലാഭിക്കുന്നതിനുമായാണ് പ്രധാനമായും ഈ റൂട്ട് തിരഞ്ഞെടുക്കുന്നത്. വാടക ഇനത്തിൽ സേലം വഴിയുള്ള ദൂരത്തിന്റെ വാടക വാങ്ങുകയും ചുരംവഴി കടന്നുപോവുന്നതിലൂടെ ലാഭം കണ്ടെത്തുകയുമാണ്. ഇത്തരം വാഹനങ്ങളുടെ കടന്നുവരവ് നിയമപരമായി നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അത്യാവശ്യ കാര്യത്തിനു പോകുന്നവരാണ് ദുരിതമനുഭവിക്കുന്നത്.

വ്യൂപോയന്റിലും വേണം നിയന്ത്രണംഒൻപതാം വളവിനു മുകളിൽ വ്യൂ പോയന്റിൽ ചുരത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങൾക്കും സമയത്തിനും കർശനമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. മണിക്കൂറുകളോളം ഒട്ടേറെ വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നതും തിരിക്കുന്നതുമെല്ലാം ചുരമിറങ്ങുകയും കയറുകയും ചെയ്യുന്ന വാഹനങ്ങൾക്കു തടസ്സമാവുകയാണ്. ഞായറാഴ്ച ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലുമില്ലായിരുന്നു.

എൻ ഊരിന് സമീപം പാർക്കിങ് പാടില്ല

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിക്കാനെത്തുന്നവർക്കു വാഹനം നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ ദേശീയ പാതയ്ക്കു സമീപമാണ് നിർത്തിയിടുന്നത്. ഇവിടെ തിരിച്ചു നിർത്തുന്നതും തിരിച്ചെടുക്കുന്നതുമായ വാഹനങ്ങളും ഗതാഗത തടസ്സമുണ്ടാകുന്നു.

ഓണാവധി കഴിഞ്ഞു മടങ്ങിയവരും യാത്രാക്കുരുക്കിൽ വലഞ്ഞു

കൽപറ്റ ∙ ആവശ്യത്തിനു ബസുകൾ ഇല്ലാതിരുന്നതും യാത്രക്കാർ വർധിച്ചതും ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ബുദ്ധിമുട്ടായി.മണിക്കൂറുകൾ കാത്തു നിന്നാലും സൗകര്യപ്രദമായ രീതിയിൽ യാത്ര ചെയ്യാനാകാതെ ദീർഘദൂര യാത്രക്കാർ വലഞ്ഞു. ഓണം അവധി കഴിഞ്ഞു പോകുന്നവർക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നേരത്തെ നടത്തിയിരുന്നു. മറ്റു ഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ഇതര ജില്ലകളിലേക്ക് പഠനാവശ്യത്തിനും ജോലി ആവശ്യത്തിനും അവധിക്ക് വന്നവർ തിരിച്ചുപോകാൻ പാടുപെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് ദുരിതം ഇരട്ടിയാക്കി.

ഒട്ടേറെ വിദ്യാർഥികളും ജീവനക്കാരുമാണ് ഇങ്ങനെ വലഞ്ഞത്. ജില്ലയിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും കേരളത്തിലെ മറ്റ് ജില്ലയിലുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടവർക്കും ഇത്തവണ പ്രത്യേക സൗകര്യമുണ്ടായിരുന്നില്ല. കോഴിക്കോട് നിന്ന് ബെംഗളൂരു ബസുകളിൽ മാത്രമാണ് ബുക്കിങ് സൗകര്യം ഉണ്ടായിരുന്നത്. കോഴിക്കോട് നിന്ന് വയനാട് ഭാഗത്തേക്കുള്ള നൂറുകണക്കിന് യാത്രക്കാർ ഞായറാഴ്ച കോഴിക്കോട് ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം വലഞ്ഞു. തിങ്ങി നിറഞ്ഞാണ് പല ബസുകളും വയനാട്ടിലേക്ക് പുറപ്പെട്ടത്.

Post a Comment

Previous Post Next Post