Trending

അപരനെ കണ്ട് ഞെട്ടി ഗിന്നസ് പക്രു ',ജന്മനാളിൽ അനാവരണം ചെയ്തത് സ്വന്തം പ്രതിമ






കോട്ടയം: തൊട്ടുമുന്നിൽ നിർന്നിമേഷനായി നിൽക്കുന്ന തന്നെ കണ്ട് പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രുവെന്ന അജയകുമാർ ആദ്യമൊന്ന് ഞെട്ടി. പിന്നാലെ കാഴ്ചക്കാരും ഞെട്ടി. ഇത് സിനിമയിലെ കാര്യമല്ല. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ഗിന്നസ് പക്രുവിന്റെ മെഴുകുപ്രതിമ അനാവരണ ചടങ്ങാണ് കാഴ്ചക്കാരെയും ഒപ്പം പക്രുവിനെയും അത്ഭുതപ്പെടുത്തിയത്.

അടി മുതൽ മുടി വരെ ഒറിജിനൽ ഗിന്നസ് പക്രു തന്നെ. 100% പെർഫക്ഷനിൽ ആണ് ഹരികുമാർ പ്രതിമ നിർമിച്ചതെന്ന് പക്രു പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, മൈക്കിൾ ജാക്സൺ എന്നിവരുടെ പ്രതിമകൾ നിർമിച്ച ഹരികുമാർ കുമ്പനാടാണ് പ്രതിമയുടെ ശില്പി.

തന്റെ ജൻമനാളിൽ ലഭിച്ച സമ്മാനമായാണ് മെഴുകു പ്രതിമയെ കാണുന്നതെന്ന് അജയ് പറഞ്ഞു. ഒരു തമിഴ്സിനിമയുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് ഗിന്നസ് പക്രു ചടങ്ങിനെത്തിയത്.

തന്റെ ഫോട്ടോകളും അളവുകളും എടുത്ത് ഹരികുമാർ പോയപ്പോൾ ശില്പം അച്ചടിച്ചത് പോലെയാകുമെന്ന് പ്രതീക്ഷിച്ചില്ലയെന്നായിരുന്നു പക്രുവിന്റെ പ്രതികരണം. ഇനിയും കൂടുതൽ അംഗീകാരങ്ങൾക്ക് അർഹനാകേണ്ട കലാകാരനാണ് ഹരികുമാറെന്നും പക്രു പറഞ്ഞു. ഈ പ്രതിമ തന്റെ സ്വന്തം മ്യൂസിയത്തിൽ സൂക്ഷിക്കുമെന്ന് ഹരികുമാർ പറഞ്ഞു.

Post a Comment

Previous Post Next Post