കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് വിൽപനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പൂവാട്ടുപറമ്പ് സ്വദേശി കളരിപുറായിൽ സാബു എന്ന ഹർഷാദ്. കെ.പി (24), വെള്ളിപറമ്പ് സ്വദേശി പാലാട്ടുമീത്തൽ ഷംസുദ്ദീൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) സബ് ഇൻസ്പെക്ട്ടർ അഷ്റഫ്. എ.യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 19.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജു ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, കുന്ദമംഗലം പൊലീസും നടത്തിയ പരിശോധനയിലാണ് ഇവർ കുന്ദമംഗലം ബസ്സ് സ്റ്റാന്റിന്റെ പിൻഭാഗത്ത് നിന്ന് മയക്കുമരുന്നുമായി അറസ്‌റ്റിലായത്. ഇവർ ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. യുവാക്കളുടെ സ്ഥിരമായുള്ള ബെംഗളൂരു സന്ദർശനത്തെ തുടർന്നാണ് പൊലീസ് സംഘം നീരീക്ഷണം ആരംഭിച്ചത്. ബെംഗളൂരുവിൽ നിന്ന് തിരികെ വന്നപ്പോഴാണ് ഇവർ പിടിയിലായത്. ഷംസുദ്ദീൻ രാമാനാട്ടുകര, പൂവാട്ടു പറമ്പ് ഭാഗങ്ങളിൽ മൊബൈൽ ഷോപ്പ് നടത്തിവരികയാണ്. മൊബൈൽ ഫോൺ വാങ്ങാനെന്ന പേരിലാണ് ഇയാൾ ബെംഗളൂരുവിലേക്ക് യാത്രപോകുന്നത്.
ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, അഖിലേഷ്. കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, എ എസ്ഐ ഗിരീഷ്, സച്ചിത്ത്. എ. എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.