Trending

ഡോ. സി. എ. ജയപ്രകാശ് അന്തരിച്ചു, മരച്ചീനി ഇലയിലെ കയ്പ്പ്അർബുദത്തെ തടയുമെന്ന് കണ്ടെത്തിയ ഗവേഷകൻ






തിരുവനന്തപുരം: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റുമായിരുന്ന ഡോ. സി.എ. ജയപ്രകാശ് അന്തരിച്ചു.

(64) _ വയസ്സായിരുന്നു.

പക്ഷാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ ഇന്നലെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പൊന്നാനി എരമംഗലം സ്വദേശിയാണ്.

കാർഷിക ഗവേഷണ മേഖലയിൽ രാജ്യത്തെതന്നെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഡോ. ജയപ്രകാശ്. നിരവധി കർഷകസൗഹൃദ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചിട്ടുണ്ട്.

മരച്ചീനി ഇലയിൽനിന്നുള്ള ജൈവകീടനാശിനികളായ നന്മ, മേന്മ, ശ്രേയ, ഇതിൽനിന്നുതന്നെയുള്ള പ്രകൃതിവാതകം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ജൈവകീടനാശിനി സംബന്ധിച്ച സാങ്കേതികവിദ്യക്ക് ഇദ്ദേഹത്തിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. മികച്ച ശാസ്ത്രജ്ഞനായിരിക്കുമ്പോഴും സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഡോ. ജയപ്രകാശ്. മുപ്പതുവർഷത്തിലേറെ തുടർച്ചയായി രക്തദാനം ചെയ്തിരുന്നു.

മഹാത്മാഗാന്ധി സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന ഡോ. ജയപ്രകാശിനെ കഴിഞ്ഞയാഴ്ച കാർഷിക സർവകലാശാലാ ജനറൽ കൗൺസിൽ അംഗമായി നാമനിർദേശംചെയ്തിരുന്നു. നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.

നേരത്തേ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഡോ. ജയപ്രകാശിന് ശനിയാഴ്ചയാണ് പക്ഷാഘാതമുണ്ടായത്.

ശനിയാഴ്ച രാത്രിയോടെ ഗുരുവായൂരിലെ വസതിയിൽ എത്തിച്ച മൃതദേഹം ഇന്ന് ഞായറാഴ്ച രാവിലെ പൊന്നാനി വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് ചെരണ്ടശ്ശേരി വീട്ടിലെത്തിച്ചു.

സംസ്കാരം പൊതുദർശനത്തിനുശേഷം ഇന്ന് (15-09-2024-ഞായറാഴ്ച) വീട്ടുവളപ്പിൽ നടക്കുo.

അച്ഛൻ - പരേതനായ ചെരണ്ടശ്ശേരി അറമുഖൻ.

അമ്മ- ജാനകി.

ഭാര്യ - ഡോ. ടി. ബിന്ദു (പള്ളിച്ചൽ കുടുംബാരോഗ്യകേന്ദ്രം).

മകൾ - ഡോ. രാധികാ ജയപ്രകാശ്.

സഹോദരങ്ങൾ - സി.എ. വിവേകാനന്ദൻ (റിട്ട. സബ് ഇൻസ്പെക്ടർ), ഡോ. ഗീത (അസി. പ്രൊഫസർ, കേന്ദ്ര സർവകലാശാല കാസർകോട്), ജ്യോതി (ബെംഗളൂരു).

*ഗവേഷണത്തിനായി നീക്കിവെച്ച ജീവിതം*

മരച്ചീനി ഇലയിൽനിന്നുള്ള ജൈവകീടനാശിനിയുൾപ്പെടെ കർഷകർക്ക് ഉപകാരപ്രദമായ നിരവധി കണ്ടുപിടിത്തങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായിരുന്നു ശനിയാഴ്ച അന്തരിച്ച ഡോ. സി.എ.ജയപ്രകാശ്.

ഗവേഷണം അദ്ദേഹത്തിൻറെ ജീവിതത്തിൽനിന്നു വേറിട്ടതായിരുന്നില്ല. ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രമായിരുന്നു സേവനത്തിന്റെ കൂടുതൽ കാലയളവിലും ഇദ്ദേഹത്തിന്റെ കർമമേഖല.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ലഖ്നൗവിൽനിന്ന് 1990കളുടെ തുടക്കത്തിലാണ് ഡോ. ജയപ്രകാശ് ശ്രീകാര്യത്തെത്തുന്നത്.

എന്റോമോളജിസ്റ്റായിരുന്ന(പ്രാണികളെക്കുറിച്ചുള്ള പഠനം) ഇദ്ദേഹം ദീർഘകാലം വിളസംരക്ഷണ വിഭാഗത്തിന്റെ മേധാവിയായിരുന്നു.

കർഷകർക്ക് ഏറെ ആശ്വാസംപകർന്ന നന്മ, മേന്മ, ശ്രേയ എന്നീ ജൈവകീടനാശിനികളുടെ കണ്ടുപിടിത്തം ഇക്കാലയളവിലാണ്.

മരച്ചീനി ഇലയിൽനിന്നായിരുന്നു ഇത്. വാഴയിലയിലെ തണ്ടുതുരപ്പൻ പുഴു, പച്ചക്കറിയിലകളിലെ പുഴു ആക്രമണം എന്നിവയ്ക്ക് ഫലപ്രദമായ മരുന്നുകളാണിവ.

വാഴയിൽ മരുന്ന് കുത്തിെവക്കുന്നതിനുള്ള പ്രത്യേകതരം നീഡിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം കണ്ടെത്തി.

മരച്ചീനി ഇലയിൽനിന്ന് ജൈവകീടനാശിനി ഉത്പാദിപ്പിച്ചതിനു പിന്നാലെ വിപ്ലവകരമായ മറ്റൊരു കണ്ടെത്തലും ഡോ. സി.എ.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തി.

കീടനാശിനി ഉത്പാദിപ്പിച്ച ശേഷമുള്ള അവശിഷ്ടത്തിൽനിന്ന് ജൈവവാതകം ഉണ്ടാക്കാമെന്നതായിരുന്നു ഇത്. മെത്തനോജനസിസ് എന്നൊരു ശാസ്ത്രപ്രക്രിയയിലൂടെയാണ് മരച്ചീനി ഇലയിൽനിന്ന് മീെഥയ്ൻ വാതകം ഉത്പാദിപ്പിച്ചത്.

പരീക്ഷണഘട്ടത്തിൽ ഇരുചക്രവാഹനത്തിൽ ഒരു കിലോഗ്രാം മീെഥയ്ൻ ഉപയോഗിച്ച് 28 കിലോമീറ്റർ വരെ സഞ്ചരിക്കാമായിരുന്നു.

മരച്ചീനി ഇലയിൽനിന്ന് അർബുദമരുന്ന്

മരച്ചീനി ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന കണ്ടെത്തലിന്റെ ഗവേഷണങ്ങൾക്കു നേതൃത്വം നൽകിയതും ഡോ. സി.എ.ജയപ്രകാശാണ്.

മരച്ചീനി ഇലയിലെ സയനോജൻ എന്ന ഘടകം അർബുദത്തെ തടയുമെന്നായിരുന്നു കണ്ടെത്തൽ. ഇലയുടെ കയ്പ്പിനു കാരണമായ സയനോജൻ അർബുദകോശങ്ങളുടെ വളർച്ചയെ തടഞ്ഞ് രോഗത്തെ ചെറുക്കുമെന്നായിരുന്നു നിഗമനം. ഇസ്രയേലിലെ ശാസ്ത്രജ്ഞരും നേരത്തേ ഈ നിഗമനത്തിലെത്തിയിരുന്നു.

സാമൂഹികസേവനത്തിലും സജീവം

സാമൂഹികസേവനത്തിൽ സജീവമായിരുന്നു ഡോ. ജയപ്രകാശ്. മുപ്പതുവർഷത്തിലേറെയായി തുടർച്ചയായി രക്തം ദാനംചെയ്തിരുന്നു. വർഷത്തിൽ നാലുതവണവരെ. സർവീസിൽനിന്നു വിരമിക്കുന്ന ദിവസവും ആശുപത്രിയിലെത്തി രക്തദാനം നടത്തി.

Post a Comment

Previous Post Next Post